ദോഹ: 2023 ലെ ലോകത്തിലെ മികച്ച നഗരങ്ങളുടെ റാങ്കിംഗിൽ ദോഹയെ താമസിക്കാൻ പറ്റുന്ന ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ തിരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങൾ, ജില്ലകൾ, വികസനങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ എന്നിവയിലെ പ്രമുഖ ആഗോള ഉപദേഷ്ടാവായ റെസൊണൻസ് കൺസൾട്ടൻസിയാണ് പട്ടിക തയ്യാറാക്കിയത്.
ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ 27-ാം സ്ഥാനത്തും മിഡിൽ ഈസ്റ്റ് അറബ് മേഖലയിൽ ദുബൈക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുമാണ് ദോഹ. ലോക റാങ്കിംഗിൽ ദുബൈ അഞ്ചാം സ്ഥാനത്താണ്.
ആധുനിക ഹൈവേകൾ, മെട്രോ സംവിധാനം, സർവ്വകലാശാലകൾ, ഇസ്ലാമിക് ആർട്ട് മ്യൂസിയം, ഖത്തറിലെ പുതിയ നാഷണൽ മ്യൂസിയം എന്നിവയുൾപ്പെടെയുള്ള ദോഹയുടെ അടിസ്ഥാന സൗകര്യ വികസനം നഗരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റി. കൂടാതെ, ഖത്തർ ലോകകപ്പിലെ വാസ്തുവിദ്യാ മാസ്റ്റർപീസുകളായ ഫൈനലിന് ആതിഥേയത്വം വഹിച്ച ലുസൈൽ ഐക്കോണിക് സ്റ്റേഡിയം, നൂതനമായ സ്റ്റേഡിയം 974, അൽ ബൈത്ത് സ്റ്റേഡിയം എന്നിവയും റിപ്പോർട്ടിൽ പരാമർശിച്ചു.
അതേസമയം, ആഗോള റാങ്കിംഗിൽ, ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, ടോക്കിയോ, ദുബൈ, ബാഴ്‌സലോണ, റോം, മാഡ്രിഡ്, സിംഗപ്പൂർ, ആംസ്റ്റർഡാം എന്നിവയാണ് ആദ്യ 10 നഗരങ്ങൾ.