ദോഹ : രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തികാട്ടി ദീപാലങ്കാരങ്ങളുടെ വർണകാഴ്ചകളൊരുക്കി മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമായി.
അൽ മസ്ര പാർക്ക്, കോർണിഷിലെ കാൽനടക്കാർക്കുള്ള ടണൽ പ്ലാസ എന്നിവിടങ്ങളിലാണ് മനോഹരമായ കാഴ്ചവിരുന്നൊരുക്കിയത്. പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ഖത്തർ ടൂറിസവും ചേർന്ന് എക്‌സ്‌പോ ദോഹയുടെ സഹകരണത്തോടെയാണ് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സിന് തുടക്കമിട്ടത്. ‘ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിലുള്ള ഖത്തർ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഫെസ്റ്റിവൽ.
ഖത്തറിന്റെ സംസ്‌കാരം, സമുദ്രയാന പൈതൃകം, വനജീവിതം എന്നിവ ആഘോഷിക്കപ്പെടുന്നതിനൊപ്പം സാങ്കേതിക വികസനവും ഉയർത്തിക്കാട്ടിയാണ് ഫെസ്റ്റിവൽ നടക്കുന്നത്. കോർണിഷ് പ്ലാസയിലും ദോഹ കോർണിഷിൽ നിന്ന് അൽ മസ്ര പാർക്കിലേക്കുള്ള പാതയിലും മനോഹരമായ ഡാൻസിങ് ഫൗണ്ടൻ കാണാം. ടെയ്ൽസ് ഓഫ് ദ് സീ ടണൽ, ദ് മേസ്, ഡോം ഓഫ് പേൾ വണ്ടേഴ്‌സ്, ഡിജിറ്റൽ ജേർണി (ഹോളോഗ്രാം) എന്നിങ്ങനെ കാഴ്ചകൾ ഏറെയുണ്ട്.
ദിവസവും വൈകിട്ട് 5.30 മുതൽ പുലർച്ചെ ഒന്നുവരെയാണ് കാഴ്ചപ്പൂരം. ദോഹ കോർണിഷിനോട് ചേർന്നുള്ള അൽ മസ്ര പാർക്കിലേക്ക് ദോഹ മെട്രോ വഴി വേഗമെത്താം. ഖത്തർ നാഷനൽ മ്യൂസിയത്തിന് സമീപമാണ് കോർണിഷ് പെഡസ്ട്രിയൻ ടണൽ പ്ലാസ. ഈ മാസം 31 വരെയാണ് ഫെസ്റ്റിവൽ.