ദോഹ : പ്രവർത്തനം തുടങ്ങി 5 വർഷത്തിനിടെ ദോഹ മെട്രോയിൽ സഞ്ചരിച്ചത് 14.5 കോടി യാത്രക്കാർ. സർവീസ് ആരംഭിച്ച 2019 മേയ് 8 മുതൽ ഈ മാസം 7 വരെയുള്ള കണക്കാണിത്. 99.79 ശതമാനമാണ് ഉപഭോക്തൃ സംതൃപ്തി. അപകട ആവൃത്തി നിരക്ക് 0.01 ആണ്. ലാ സിഗാലെ ഹോട്ടലിൽ നടന്ന ഖത്തർ റെയിലിന്റെ വാർഷിക ടൗൺ ഹാൾ സ്റ്റാഫ് മീറ്റിങ്ങിലാണ് പ്രവർത്തന റിപ്പോർട്ടും ഭാവിപദ്ധതികളും അവതരിപ്പിച്ചത്.
2022 നവംബർ മുതൽ 2023 ഒക്‌ടോബർ വരെ കൃത്യതയുടെ കാര്യത്തിൽ 99.96 ശതമാനവും സമയനിഷ്ഠയുടെ കാര്യത്തിൽ 99.86 ശതമാനവും സേവന ലഭ്യതയിൽ 99.98 ശതമാനവുമാണ് മെട്രോയുടെ റേറ്റിങ്. ഏറ്റവും മികച്ചതും സൗകര്യപ്രദവുമായ യാത്രാ മാർഗമായി തന്നെയാണ് 90 ശതമാനം പേരും ദോഹ മെട്രോയെ കാണുന്നത്.
ഈ വർഷം ഇതുവരെ എക്‌സ്‌പോ ദോഹ, ഖത്തർ ഗ്രാൻഡ് പ്രി, ജനീവ മോട്ടർ ഷോ, അമീർ കപ്പ്, എഎഫ്‌സി ചാംപ്യൻസ് ലീഗ് എന്നിങ്ങനെ നിരവധി പരിപാടികളിലേക്കുള്ള കാണികൾക്കും ദോഹ മെട്രോയാണ് സുഗമയാത്ര ഒരുക്കിയത്. ഈ വർഷം ഏറ്റവുമധികം പേർ സഞ്ചരിച്ചത് ഏപ്രിൽ 24നാണ്; 2,34,525 പേർ. ഫിഫ ലോകകപ്പിലൂടെ ഫുട്‌ബോൾ ആരാധകർക്കിടയിലും ദോഹ മെട്രോ തന്നെയായിരുന്നു ശ്രദ്ധേയ താരം. റെഡ്, ഗ്രീൻ, ഗോൾഡ് എന്നിങ്ങനെ 3 ലൈനുകളിലായി 37 സ്‌റ്റേഷനുകളിലൂടെയാണ് മെട്രോ സർവീസ് നടത്തുന്നത്.