ഡൽഹി: ഏക സിവിൽ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഗോവയിലെ ജനങ്ങൾ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണ്. എല്ലാ സമുദായത്തിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം ഏക സിവിൽ കോഡ് ഉറപ്പുനൽകുന്നുവെന്നും ഏക സിവിൽ കോഡ് ഭരണഘടനയുടെ മാർഗനിർദേശക തത്വങ്ങൾക്ക് അനുസൃതമാണെന്നും ദ്രൗപദി മുർമു പറഞ്ഞു.
രാജ്യത്ത് ഏക സിവിൽ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വിവാദങ്ങളാണ് കഴിഞ്ഞ ഏറെ നാളായി ഉയരുന്നത്. കേരളത്തിൽ ഏക സിവിൽ കോഡിനെ എതിർത്ത് വിവിധ പാർട്ടികൾ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു.
സിക്കിമിൽ ഏക സിവിൽ കോഡ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച നേതാവുമായ പ്രേം സിങ് തമാങ് വ്യക്തമാക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന ചർച്ചയായിരുന്നു. തങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ആർട്ടിക്കിൾ 371 (എഫ്) പ്രകാരം തങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. പ്രത്യേക പരിരക്ഷയുള്ള സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കില്ലെന്നാണ് റാങ്പോയിൽ നടന്ന രാഷ്ട്രീയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.