ദുബായിൽ ട്രാഫിക് പിഴകൾ ഇനി എളുപ്പത്തിൽ ഓൺലൈനായി അടയ്ക്കാം. കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും പിഴ സ്വീകരിക്കില്ലെന്ന് ആർടിഎ വ്യക്തമാക്കി. കസ്റ്റമർ ഹാപ്പിനസ് സെൻററുകളും മറ്റ് സേവന കേന്ദ്രങ്ങളും മുഖേനയാണ് ദുബായിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടച്ചിരുന്നത്. ഇനി മുതൽ പിഴ അടയ്ക്കാൻ നേരിട്ട് എത്തേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ് ദുബായ് ആർടിഎ. പകരം ഓൺലൈനായി പിഴ അടയ്ക്കാം.
ആർടിഎയുടെ വെബ്സൈറ്റിലും സ്മാർട്ട് ആപ്ലിക്കേഷനും ഇതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ ആർക്കും എവിടെനിന്നും സേവനങ്ങൾ ഉപയോഗപ്പെടുത്താം. സ്മാർട്ട് സംവിധാനങ്ങളിലേക്ക് മാറുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ആർടിഎ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് മുഴുവൻ സേവനങ്ങളും ലഭ്യമാവുന്ന തരത്തിൽ ആർടിഎ സ്മാർട്ട് ആപ്ലിക്കേഷൻറെ പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞ ദിവസം ആർടിഎ പുറത്തിറക്കിയത്. സാലിക് റീച്ചാർജ്, നോൾകാർഡ് റീചാർജ് എന്നിവക്കൊപ്പം ലൈസൻസും വാഹന രേഖകളും പുതുക്കാനും ഇനി ആപ് വഴി സാധിക്കും.