ദുബൈയിൽ വൻ ബീച്ച് വികസന പദ്ധതി വരുന്നു. അൽമംസാർ ബീച്ചിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് കടലിൽ നടപ്പാലം നിർമിക്കും. ദേരയിൽ 24 മണിക്കൂറും തുറക്കുന്ന നൈറ്റ് ബീച്ചും നിർമിക്കും.അൽ മംസാർ, ജുബൈറ 1 ബീച്ച് വികസനത്തിന് 35.5 കോടി ദിർഹമിന്റെ പദ്ധതിയാണ് ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്. മംസാറിൽ കടലിന് മുകളിൽ 200 മീറ്റർ നീളമുള്ള നടപ്പാലമാണ് നിർമിക്കുക. ദുബൈയിൽ ആദ്യമായാണ് ഇത്തരമൊരു നടപ്പാലം.
പദ്ധതിക്ക് ദുബൈയിലെ നഗരാസൂത്രണ സിമിതി കരാർ നൽകി. 18 മാസത്തിനുള്ളിൽ വികസന പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 4.3 കിലോമീറ്റർ നീളത്തിലാണ് അൽമംസാർ ബീച്ചിലെ വികസന പദ്ധതികൾ നടപ്പാക്കുക. 1.4 കിലോമീറ്ററാണ് ജുമൈറ ബീച്ച് ഒന്നിൻറെ നീളം. ആഴ്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ആദ്യ രാത്രി ബീച്ചാണ് ദേരയിൽ തുറക്കുക