ദുബായ് : പകൽച്ചൂട് എല്ലാ പിടിയും വിട്ട് മുകളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യത്തിനും സുരക്ഷയ്ക്കും മുഖ്യപരിഗണന നൽകണമെന്നു മുഴുവൻ ജനങ്ങളോടും മന്ത്രാലയം അഭ്യർഥിച്ചു. പകൽ ചൂട് 50 ഡിഗ്രിക്കു മുകളിലായ സാഹചര്യത്തിൽ വെയിലത്തു കൂടിയുള്ള നടത്തം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ചൂടിനൊപ്പം അന്തരീക്ഷത്തിൽ പൊടിയുടെ സാന്നിധ്യവും കൂടുതലാണ്. പൊടിക്കാറ്റ് കൂടുതലായതിനാൽ ദൂരക്കാഴ്ചയ്ക്കും തടസ്സമുണ്ട്. പൊടിക്കാറ്റിൽ മാലിന്യങ്ങളും അലർജിക്കു കാരണമാകുന്ന വസ്തുക്കളും ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
ഇപ്പോഴത്തെ കാലാവസ്ഥയിൽ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് കുറയ്ക്കുക എന്നതാണ് ആദ്യം സ്വീകരിക്കേണ്ട മുൻകരുതൽ. പുറത്തിറങ്ങുന്ന സാഹചര്യത്തിൽ നിർബന്ധമായും സൺഗ്ലാസുകൾ ധരിക്കണം. നേത്ര രോഗങ്ങൾക്ക് അൾട്രാ വയലറ്റ് രശ്മികൾ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.പൊടിക്കാറ്റ് ശ്വാസകോശത്തെ ബാധിക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കാം. എൻ95 മാസ്ക് ആണ് സർക്കാർ നിർദേശിക്കുന്നത്. തൊണ്ട വേദന, നേത്രരോഗം, ചൊറിച്ചിൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ അലർജികൾക്ക് ഇപ്പോഴത്തെ പൊടിക്കാറ്റ് കാരണമാകും.