ദുബായ് : അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വൻ വികസന പദ്ധതികൾ ഒരുങ്ങുന്നു. 3000 കോടി ദിർഹത്തിന്റെ നിക്ഷേപങ്ങളാണ് ദുബായ് സൗത്ത് കേന്ദ്രീകരിച്ചു വരുന്നത്. പ്രധാന വിമാന സർവീസുകൾ അൽ മക്തൂമിലേക്കു മാറുന്നതോടെ ദുബായുടെ പുതിയ നഗരമായി ദുബായ് സൗത്ത് മാറുമെന്നു ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷന്റെയും ദുബായ് സൗത്തിന്റെയും സിഇഒ ഖലീഫ അൽ സഫീൻ പറഞ്ഞു. ദുബായ് സൗത്തിൽ സ്വകാര്യ മേഖലയ്ക്ക് 60% വരെ നിക്ഷേപ അവസരമുണ്ട്.
വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾക്ക് മാത്രം പ്രതിവർഷം 200 കോടി ദിർഹം ചെലവിടുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം പൂർണമായും പ്രവർത്തന ക്ഷമമാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക വർധിപ്പിക്കും. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വിമാന സർവീസുകളുടെ എണ്ണം 8 ശതമാനം വർധിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിവിധ കമ്പനികളുടെ കൂട്ടായ്മയിലൂടെ ആയിരിക്കും വികസന പ്രവൃത്തികൾ.