ദുബായ് : നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ദുബായിക്ക് തുടക്കം കുറിച്ചു. 4.5 ബില്യൺ ദിർഹം പ്രാരംഭ മുതൽമുടക്കിൽ നിർമിക്കുന്ന സർവകലാശാല സ്പെഷ്യലൈസ്‌ഡ് ഫ്യൂചർ അക്കാദമിക് പ്രോഗ്രാമുകൾ അനുവദിക്കും.
അടുത്ത ദശകത്തിൽ ആഗോളതലത്തിൽ മികച്ച 50 യുവ സർവകലാശാലകളിൽ റാങ്ക് നേടാനും ഗവേഷനത്തിലും അക്കാദമിക് നവീകരണത്തിലും ഏറ്റവും മികച്ചത് ആകാനും സർവകലാശാല ലക്ഷ്യമിടുന്നു. രാജ്യത്തെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് ഇന്ന് ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ കുറിച്ചു. രാജ്യാന്തര പ്രോഗ്രാമുകളിലൂടെ ആഗോള വേദിയിൽ മത്സരിക്കാൻ ബിരുദധാരികളെ രൂപപ്പെടുത്തുന്ന സർവകലാശാല യുഎഇയുടെ വികസന ലക്ഷ്യങ്ങൾ നിറവേറ്റും. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ രാഷ്ട്രത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് അവയെ ഉപയോഗപ്പെടുത്താനും കഴിവുള്ള തലമുറകളെ സൃഷ്ടിക്കുക എന്നതാണ് യഥാർഥ വെല്ലുവിളിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.