ദമാം : സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ പുതിയ മാതൃകാ വ്യവസായ നഗരം വരുന്നു. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി അധികൃതരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കിയത്. മേഖലയിലെ വ്യാവസായിക പദ്ധതികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2.4 ദശലക്ഷം ചതുരശ്ര മീറ്റർ വീസ്തീർണ്ണത്തിലാണ് വലിപ്പമേറിയ പുതിയ സംയോജിത ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സ്ഥാപിക്കുന്നതും വികസിപ്പിക്കുന്നതുമുൾപ്പെടുത്തി അനവധി ഫാക്ടറികളും, ലഘുവ്യവസായങ്ങളും ഉൾപ്പെടുന്ന ഒരു സംയോജിത മാതൃകാ വ്യാവസായിക നഗരം ആരംഭിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് കിഴക്കൻ പ്രവിശ്യാ സെക്രട്ടറി എൻജി. ഫഹദ് അൽ ജുബൈർ വിശദീകരിച്ചു.
നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകരോടും സംരംഭകരോടും കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി, മുനിസിപ്പാലിറ്റിയിലെ ഇൻവെസ്റ്റ്‌മെന്റ് എക്‌സലൻസ് സെന്ററുമായി ബന്ധപ്പെടാനും സൗദി നഗരങ്ങളിലെ നിക്ഷേപത്തിനുള്ള ഡിജിറ്റൽ പോർട്ടലിലൂടെ നിക്ഷേപ സാധ്യതകളുടെ വിശദാംശങ്ങൾ കാണാനും “അവസരങ്ങൾ” എന്ന സ്മാർട്ട് ആപ്ലിക്കേഷനിലൂടെ പങ്കെടുക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.
കടൽത്തീരങ്ങൾ, നഗര പദ്ധതികളും കേന്ദ്രങ്ങളും, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, മാർക്കറ്റുകൾ, ബിൽബോർഡുകൾ, വിനോദം, ടൂറിസം, മറൈൻ കേന്ദ്രങ്ങൾ, കായിക പ്രവർത്തനങ്ങൾ, ഫാക്ടറികളും പ്രദർശനങ്ങളും, വെയർഹൗസുകൾ, തൊഴിലാളികളുടെ പാർപ്പിടം, നഴ്സറികൾ, പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും നിക്ഷേപ അവസരങ്ങളിൽ ഉൾപ്പെടുന്നു.