ദുബൈ നഗരത്തിൽ 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമാണം പൂർത്തിയാക്കി. അടുത്തവർഷം അവസാനത്തോടെ 726 പുതിയ ബസ് ഷെൽട്ടറുകൾ കൂടി നിർമിക്കുമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു.
വിപുല സൗകര്യങ്ങളോടെയാണ് ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമാണം പൂർത്തിയാക്കിയതെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരത്തിന്റെ ജീവിത നിലവാരത്തോട് ചേർന്ന രൂപകൽപനയാണ് പുതിയ ബസ് ഷെൽട്ടറുകളേത്. എയർകണ്ടീഷൻ ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വെയിലേൽക്കാതെ തണലിൽ ബസ് കാത്തിരിക്കാനുള്ള കേന്ദ്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
നാല് വിഭാഗങ്ങളായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ തിരിച്ചാണ് നിർമാണം. ദിവസം 750 ൽ കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന ബസ് ഷെൽട്ടറുകളെ പ്രൈമറി ഷെൽട്ടറുകളായി കണക്കാക്കും. 250 മുതൽ 750 വരെ യാത്രക്കാരുള്ള ഷെൽട്ടറുകളെ സെക്കൻഡറി കാത്തരിപ്പ് കേന്ദ്രമായി കണക്കാക്കും. നൂറിൽ താഴെ യാത്രക്കാർ എത്തുന്നവയെ ഡ്രോപ് ഓഫ്, പിക്ക് അപ് ഷെൽട്ടർ ഗണത്തിലാണ് ഉൾപ്പെടുത്തുക. ബസ് സമയം യാത്രാവിവരങ്ങൾ എന്നിവ അറിയിക്കുന്ന ഇൻഫോർമേഷൻ ബോർഡുകൾ, ഭിന്നശേഷിക്കാർക്കായുള്ള വിവിധ സൗകര്യങ്ങൾ, വീൽചെയറിൽ എത്തുന്നവർക്ക് പ്രത്യേകയിടം എന്നിവ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് ആർ.ടി.എ അറിയിച്ചു