ദുബൈ: കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ വമ്പൻ കുതിപ്പു രേഖപ്പെടുത്തി ദുബൈ. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള 11 മാസം 1.67 കോടി വിദേശ സഞ്ചാരികളാണ് ദുബൈയിലെത്തിയത്. പശ്ചിമ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത്.
ദുബൈ ഇകോണമി ആൻഡ് ടൂറിസം വകുപ്പാണ് എമിറേറ്റിലെത്തിയ സഞ്ചാരികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവിൽ ഒമ്പതു ശതമാനം വർധനയുണ്ടായെന്ന് ടൂറിസം വകുപ്പ് പറയുന്നു. 1.53 കോടി വിദേശികളാണ് 2023ലെ ആദ്യ 11 മാസം ദുബൈ സന്ദർശിച്ചിരുന്നത്. ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്- 19 ലക്ഷം പേർ. നവംബറിൽ 18.3 ലക്ഷവും ജനുവരിയിൽ 17.7 ലക്ഷവും ടൂറിസ്റ്റുകളെത്തി.
പടിഞ്ഞാറൻ യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്. ആകെ സന്ദർശകരുടെ 20 ശതമാനം. ഏകദേശം 33 ലക്ഷം പേർ. ദക്ഷിണേഷ്യയിൽ നിന്ന് 28.5 ലക്ഷം പേരും ജിസിസി രാഷ്ട്രങ്ങളിൽ നിന്ന് 25 ലക്ഷം പേരും ദുബൈ കാണാനെത്തി. യഥാക്രമം 17, 15 ശതമാനം.
സഞ്ചാരികളുടെ വർധന ഹോട്ടൽ വ്യവസായത്തിൽ ഗുണപരമായി പ്രതിഫലിച്ചെന്നും ടൂറിസം വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. നവംബർ അവസാനത്തിൽ 828 സ്ഥാപനങ്ങളിലായി 153,390 ഹോട്ടൽ മുറികളാണ് ദുബൈയിലുള്ളത്. ഇതിൽ അമ്പതിനായിരത്തിലേറെ മുറികൾ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ളതാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,49,685 മുറികൾ മാത്രമായിരുന്നു. 3.9 കോടി ഹോട്ടൽ ബുക്കിങ്ങുകളാണ് ആകെ രേഖപ്പെടുത്തിയത്.