ദുബായ് : വ്യാജ വെബ്സൈറ്റുകൾ വഴി ദുബായ് ഗ്ലോബൽ വില്ലേജ് പാക്കേജുകൾ വിൽക്കുന്നതിനെതിരെ ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ആകർഷകമായ വിലക്കുറവിൽ വിഐപി പാക്കുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ സമൂഹമാധ്യമത്തിലും ഓൺലൈനിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകളെ കബളിപ്പിച്ച് പണവും വ്യക്തിഗത വിവരങ്ങളും ചോർത്തുക എന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ ലക്ഷ്യം.
ഓരോ വർഷവും ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കുമ്പോൾ ഇത്തരം തട്ടിപ്പുകൾ പതിവാണെന്ന് പൊലീസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളുമായി സാമ്യമുള്ള വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുകയാണ് തട്ടിപ്പുസംഘം ചെയ്യുന്നത്. ഗ്ലോബൽ വില്ലേജ് ടിക്കറ്റുകളും പാക്കേജുകളും വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റോ, മൊബൈൽ ആപ്ലിക്കേഷനോ, അംഗീകൃത വിൽപന കേന്ദ്രങ്ങളോ മാത്രം ഉപയോഗിക്കുക. ഇത് വഴി മാത്രമേ ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു.
വ്യാജ ഓഫറുകളിൽ വീഴാതെ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇ-ക്രൈം(e-Crime) പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കാനും ദുബായ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഈ വർഷത്തെ ഗ്ലോബൽ വില്ലേജ് വിഐപി പായ്ക്കുകൾ കൊക്കകോള അരീനയുടെ വെബ്സൈറ്റ് വഴി മാത്രമേ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു.



