ദുബായ് : ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി. അടുത്തിടെ യുഎഇയിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ച സാഹചര്യത്തിലാണ് ഈ സേവനം ആരംഭിച്ചത്. വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും പലരുടെയും വീടുകളിൽ നിന്ന് അവ നീക്കം ചെയ്യേണ്ടതുമായ സാഹചര്യമാണ് സേവനം വ്യാപകമാക്കാൻ കാരണം.
പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ദുബായ് എമിറേറ്റിൽ ശുചിത്വം നിലനിർത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം. ദുബായിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും സേവനം ലഭ്യമാണ്. ദ് പാം, ഡിസ്‌കവറി ഗാർഡൻസ് തുടങ്ങിയ ചില പ്രദേശങ്ങൾ ഒഴികെ എല്ലായിടത്തും സൗജന്യമായി വസ്തുക്കൾ നീക്കം ചെയ്യൽ സേവനം ലഭിക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ അവരെ വിളിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.