ദുബായ് : ‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിക്ക് ദുബായ് മദീനത് ജുമൈറയിൽ ഉജ്വല തുടക്കം. ലോകത്തോട് അതിന്റെ മുൻഗണനകൾ പുനർനിർവചിക്കാനും അവയെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ഘാടന ചടങ്ങിൽ യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവൺമെന്റ് ഉച്ചകോടി ചെയർമാനുമായ മുഹമ്മദ് അൽ ഗെർഗാവി ആഹ്വാനം ചെയ്തു.
യുഎഇയിൽ തുടരുന്ന കനത്ത മഴയെ അവഗണിച്ച് പ്രതിനിധികളും പങ്കാളികളും ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി. ചരിത്രത്തിലുടനീളം നോക്കുകയാണെങ്കിൽ നാം ജീവിക്കുന്നത് ഏറ്റവും മികച്ചതും സുരക്ഷിതവും സമൃദ്ധവുമായ മനുഷ്യയുഗത്തിലാണ്. അമിതമായ ശുഭാപ്തിവിശ്വാസമോ വ്യാമോഹമോ ഇല്ലാതെ, നമ്മുടെ വിധി രൂപപ്പെടുത്തുന്നതിന് ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുരോഗതിയുടെയും വികസനത്തിൻ്റെയും വിശാലമായ ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നമ്മെ ഒന്നിപ്പിക്കുന്നത് ഭിന്നിപ്പിക്കുന്നതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.