ദുബൈ: മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി ദുബൈ. വ്യക്തികൾക്ക് മദ്യം വാങ്ങാനുള്ള ലൈസൻസും സൗജന്യമാക്കി. പുതുവത്സര ദിനം മുതൽ പുതിയ നിർദേശം പ്രാബല്യത്തിലായി. ദുബൈയിൽ മാത്രമാണ് മദ്യം വാങ്ങുന്നതിനുള്ള ലൈസൻസ് സൗജന്യമാക്കിയത്. മറ്റ് എമിറേറ്റുകൾക്ക് ഇത് ബാധകമായിരിക്കില്ല.
21 വയസിന് മുകളിലുള്ളവർക്ക് മാത്രമേ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രമെ ഉപയോഗിക്കാവൂവെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ദുബൈയിലെ മദ്യ വിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇത് ഒഴിവാക്കിയതോടെ മദ്യത്തിന്റെ വില കുറയും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെയാണ് ദുബൈയിലുള്ളവർ ആശ്രയിച്ചിരുന്നത്. ഇതോടെ, ദുബൈയിൽ മദ്യ വിൽപന വർധിക്കും.
വ്യക്തികൾക്ക് മദ്യം ഉപയോഗിക്കുന്നതിനോ വാഹനത്തിൽ കൊണ്ടുപോകുന്നതിനോ സൂക്ഷിക്കുന്നതിനോ ലൈസൻസ് നിർബന്ധമാണ്. പാർട്ടികൾ നടത്തുന്നതിനും ലൈസൻസ് നിർബന്ധമാണ്. വർഷത്തിൽ 200 ദിർഹമിന് മുകളിലായിരുന്നു ലൈസൻസ് ഫീസ്. പുതുവത്സര ദിനം മുതൽ ഇതും സൗജന്യമാക്കുകയാണ്.