ദുബൈ: റമദാനിൽ അമ്മമാരുടെ പേരിൽ 100 കോടി ദിർഹമിന്‍റെ വിദ്യാഭ്യാസ ഫണ്ട് പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി.മദേഴ്സ് ഫണ്ട് എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിൽ പങ്കാളിയാകാൻ ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
മാതാവിനെ കുറിച്ച വൈകാരികമായ വീഡിയോ പങ്കുവെച്ചാണ് ദുബൈ ഭരണാധികാരി ശതകോടിയുടെ മദേഴ്സ് ഫണ്ട് പ്രഖ്യാപിച്ചത്. യു.എ.ഇയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ റമദാൻ കാമ്പയിൻ.
മാതാവാണ് സ്വർഗം, സ്വർഗത്തിലേക്കുള്ള വഴിയും എന്ന് ചൂണ്ടിക്കാട്ടി ശൈഖ് മുഹമ്മദ് കാമ്പയിനിൽ പങ്കാളിയാകാൻ നിർദേശം നൽകി. ഇസ്ലാമിൽ മാതാവിന്‍റെ സ്ഥാനം എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണ് ശൈഖ് മുഹമ്മദ് പങ്കുവെച്ച വീഡിയോ. യുവാക്കളും പ്രായമുള്ളവരും പുരുഷൻമാരും സ്ത്രീകളും എല്ലാവരും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് ഭരണാധികാരി ട്വീറ്റ് ചെയ്തു.