ദുബൈ: അവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളും മറ്റ് യാത്രക്കാരും ദുബൈ വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. രണ്ട് ദിവസങ്ങളിൽ പീക്ക് ട്രാവൽ അലർട്ടാണ് ദുബൈ വിമാനത്താവളത്തിൽ നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകുമെന്നാണ് അറിയിപ്പ്.
സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അവധി കഴിഞ്ഞ് തിരികെയെത്തുന്ന യാത്രക്കാരുടെ എണ്ണം ഉയരുമെന്നതിനാലാണ് ഈ ദിവസങ്ങളിൽ തിരക്കേറുമെന്ന് മുന്നറിയിപ്പ് നൽകുന്നത്.
ഓഗസ്റ്റ് 26, 27 തീയതികളിലാണ് പീക്ക് ട്രാവൽ അലർട്ടുള്ളത്. സാധാരണനിലയിൽ ദിവസേന ശരാശരി 258,000 പേർ യാത്ര ചെയ്യുന്ന ദുബൈ വിമാനത്താവളത്തിൽ ഈ തീയതികളിൽ യാത്രക്കാരുടെ എണ്ണം അഞ്ച് ലക്ഷം കടക്കാൻ സാധ്യതയുണ്ട്. തിരക്ക് ഇരട്ടിയാകും. വിമാന കമ്പനികൾ, കസ്റ്റംസ് ആൻഡ് കൺട്രോൾ അധികൃതർ, കൊമേഴ്‌സ്യൽ, സർവീസ് പാർട്ണർമാർ എന്നിവരുമായി സഹകരിച്ച് ഈ ദിവസങ്ങളിൽ അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുഗമമായ എയർപോർട്ട് യാത്ര ക്രമീകരിക്കാൻ ശ്രമിക്കുകയാണെന്ന് ദുബൈ എയർപോർട്ട് അധികൃതർ അറിയിച്ചു.
നാല് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക്, അവർക്ക് സ്വന്തമായി പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാനുള്ള കൗണ്ടറുകൾ ടെർമിനൽ 1,2,3 എന്നിവയിൽ ക്രമീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന, 12 വയസ്സിന് മുകളിലുള്ളവർക്ക് സ്മാർട്ട് ഗേറ്റുകൾ വഴി തിരക്കില്ലാതെ പാസ്‌പോർട്ട് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ഒന്ന്, മൂന്ന് ടെർമിനലുകളിൽ പൊതുഗതാഗതവും മറ്റ് അംഗീകൃത എയർപോർട്ട് വാഹനങ്ങളും മാമ്രേ അനുവദിക്കുകയുള്ളൂ. വിവിധ ചെക്ക്‌പോയിന്റുകളിൽ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടുത്ത 13 ദിവസത്തിനുള്ളിൽ 3.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനാണ് ദുബൈ എയർപോർട്ട് ഒരുങ്ങുന്നത്.