ദുബായ് : ദുബായിലെ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾ ഉൾപ്പെടുള്ളവർക്ക് പരുക്ക്. സംഭവത്തിൽ പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവർ മലയാളികളാണ്. ഒൻപതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടമുണ്ടായത്.
12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.
കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്ലർ താമസക്കാരായിരുന്നു. റാഷിദ് ആശുപത്രിയിൽ അഞ്ച് പേരും എൻ എം സി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരുക്കേറ്റതായി നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു. സംഭവത്തിൽ പരുക്കേറ്റവരിൽ ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് പുറത്ത് വരുന്ന വിവരം.