ദുബായ് : പുതുവർഷത്തിൽ ഗ്രേഡ് കുറഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ വിൽപന പൂർണമായി നിർത്താനൊരുങ്ങി ദുബായിലെ വ്യാപാര സ്ഥാപനങ്ങൾ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി നിരോധിക്കുന്നതിന്റെ മുന്നോടിയായാണ് തീരുമാനം. പുനരുപയോഗ സാധ്യതയുള്ള കവറുകൾ വലുപ്പം അനുസരിച്ച് വില നിശ്ചയിച്ച് വിൽപന തുടരും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ പുതിയ വർഷം പൂർണമായും നിർത്തുമെന്നു റീട്ടെയ്ൽ ശൃംഖലയായ ക്യാരിഫോ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇവർ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കും. ദീർഘകാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ ന്യായമായ നിരക്കിൽ വിൽക്കുന്നത് തുടരും.