ദുബൈ: ലോകത്ത് ആദ്യമായി ഡിജിറ്റൽ സ്വത്ത് നിയമം നടപ്പാക്കി ദുബൈ. ഡിജിറ്റൽ ആസ്തികളിൽ നിക്ഷേപം നടത്തുന്നവർക്ക് നിയമപരമായ സംരക്ഷണം ഒരുക്കാൻ ലക്ഷ്യമിട്ട് ദുബൈ ഫിനാൻഷ്യൽ സെന്ററാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്.മാർച്ച് എട്ട് മുതൽ ഡിജിറ്റൽ സ്വത്ത് നിയമം നിലവിൽ വന്നതായി ദുബൈ ഫിനാൻഷ്യൽ സെന്ററർ അറിയിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം.കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഡിജിറ്റൽ അസറ്റുകൾക്ക് വലിയ സാധ്യതകളുണ്ട്. അതിവേഗം വളരുന്ന ഈ രംഗത്ത് കൃത്യമായി നിയമം രൂപപ്പെടുത്തിയിരിക്കുകയാണ് ഡിഐഎഫ്സി. നേരത്തെ ഡിജിറ്റൽ അസറ്റുകളുടെ നിയമപരത സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു.
അന്താരാഷ്ട്ര തലത്തിൽ ചില മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും സമഗ്രമായ ഒരു ചട്ടക്കൂട് ഉണ്ടായിരുന്നില്ല. ഈ രംഗത്ത് ഗവേഷണം നടത്തിയും വിദഗ്ധരുടെ അഭിപ്രായങ്ങൾ ശേഖരിച്ചുമാണ് ഡി.ഐ.എഫ്.സി നിയമപരമായ ചട്ടക്കൂടിന് രൂപം നൽകിയതെന്ന് അധികൃതർ പറഞ്ഞു.ഡിജിറ്റൽ ആസ്തികൾ സംബന്ധിച്ച നിർവചനം, സമ്പത്തായി ഡിജിറ്റൽ ആസ്തികളെ കണക്കാക്കുന്ന നിയമം, ഈ ആസ്തികൾ എങ്ങനെ നിയന്ത്രിക്കാനും, കൈമാറ്റം ചെയ്യാനുമുള്ള ചട്ടങ്ങൾ എന്നിവ നിയമം പ്രതിപാദിക്കുന്നുണ്ട്.