ദുബൈ: ബ്ലൂകോളർ തൊഴിലാളികൾക്ക് ചെറിയ വിലയിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഹാപ്പിനസ് സിം അവതരിപ്പിച്ച് ദുബൈ. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ (EITC) ഭാഗമായ du-മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആറ് മാസത്തെ സൗജന്യ ഡാറ്റയും അന്താരാഷ്ട്ര കോളുകൾക്ക് കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നതാണ് ഹാപ്പിനസ് സിം. സിം ഉടമകൾക്ക് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം നൽകുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും ലഭിക്കും. ബിസിനസ് സേവന കേന്ദ്രങ്ങളും മാർഗ്ഗനിർദ്ദേശ കേന്ദ്രങ്ങളും സന്ദർശിച്ചോ അല്ലെങ്കിൽ തൊഴിൽ കരാറുകൾ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഉള്ള മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ചോ സിം ലഭിക്കും.
സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ കണക്റ്റിവിറ്റി നൽകുന്നതിലൂടെ, അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനും അവശ്യ സേവനങ്ങൾ ആക്സസ് ചെയ്യാനും അവരെ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് എമിറേറ്റൈസേഷൻ ആക്ടിംഗ് അണ്ടർസെക്രട്ടറിയും ലേബർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ആയിഷ ബെൽഹാർഫിയ പറഞ്ഞു.
യു.എ.ഇയിലെ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് സാധരണ തൊഴിലാളികൾക്ക് അവരുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്തുന്നതിനുള്ള പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. ഹാപ്പിനസ് സിം പുറത്തിറക്കിയതോടെ അവർക്ക് ടെലികോം സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഡു സിഇഒ ഫഹദ് അൽ ഹസാവി പറഞ്ഞു.