വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോഴും യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിൽ അവധിക്കാലം ആരംഭിച്ചു. ഇതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്വന്തം നാട്ടിലേക്കും ആളുകൾ യാത്ര ചെയ്യാൻ തുടങ്ങിയതോടെയാണ് വിമാനത്താവളത്തിൽ തിരക്കേറിയത്. പലരും സമയത്ത് വിമാനത്തിൽ കയറാൻ കഴിഞ്ഞത് ഓൺലൈൻ ചെക്ക് ഇൻ ചെയ്തതുകൊണ്ടാണ്.
4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിയാലേ നേരിട്ട് ചെക്ക് ഇൻ ചെയ്യാൻ സാധിക്കുകയുള്ളു. സ്വകാര്യ വാഹനങ്ങൾ ടെർമിനലിൽ എത്തി ആളെ ഇറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ പാർക്കിങ്ങിൽ നിർത്തി വേണം യാത്രക്കാരെ ഇറക്കാൻ. ടെർമിനലിനു മുന്നിൽ വാഹനം നിർത്തി യാത്രക്കാരെ ഇറക്കിയാൽ പിഴ ഈടാക്കും. മെട്രോ വഴിയാണ് ഇപ്പോൾ യാത്രക്കാർ ടെർമിനലിൽ എത്തുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകുമെന്നാണ് റിപ്പോർട്ടുകൾ. അത്‌കൊണ്ട് തന്നെ ഓൺലൈൻ ചെക്ക് ഇൻ ചെയ്യുന്നതാണ് നല്ലത്. സിറ്റി ചെക്ക് ഇൻ സർവീസും ഉപയോഗപ്പെടുത്താം. താമസ വീസയുള്ളവർക്ക് സ്മാർട് ഗേറ്റ് വഴി സുരക്ഷാ പരിശോധന പൂർത്തിയാക്കാം. കണ്ണ് സ്കാൻ ചെയ്തു നേരെ ഉള്ളിലെത്താം. ഇന്നലെ മാത്രം ഒരു ലക്ഷം പേരാണ് വിമാനത്താവളത്തിൽ എത്തിയത്.