ദുബൈ: തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ ഉയർത്താനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും പുതിയ നടപടികൾക്ക് രൂപം നൽകി ദുബൈ. വിമാനത്താവളങ്ങളിൽ ആരംഭിച്ച സ്മാർട്ട് ഗേറ്റ് സേവനം തുറമുഖങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. സ്മാർട്ട് ഗേറ്റ് സംവിധാനം വിപുലപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ രാജ്യസുരക്ഷയ്ക്കും സഞ്ചാരികൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിർത്തി കേന്ദ്രങ്ങളിലെ സുരക്ഷയും സേവനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ജിഡിആർഎഫ്എ അധികൃതർ ഇക്കാര്യം അറിയിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന 37 ശതമാനം യാത്രക്കാർ നിലവിൽ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇത് വൈകാതെ 80 ശതമാനമാക്കി വർധിപ്പിക്കും. തുറമുഖങ്ങൾ, റോഡ് മാർഗമുള്ള അതിർത്തി എന്നിവിടങ്ങളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അതിർത്തി സുരക്ഷ സംബന്ധിച്ച ഭാവി നയങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 19, 20 തിയതികളിൽ ദുബൈയിലാണ് ആഗോള സമ്മേളനം ചേരുന്നത്.
അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. ഈവർഷം ആദ്യ പകുതിയിൽ നാലുകോടി 20 ലക്ഷത്തിലേറെ യാത്രക്കാർ ദുബൈ വിമാനത്താവളം മുഖേന സഞ്ചരിച്ചതായും താമസ- കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.