ദുബായ്: ആഗോള ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ ഡെസ്റ്റിനേഷനുകളിലൊന്നായി മാറിയ ദുബായ് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ റെക്കോഡ് വര്‍ധന. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ വര്‍ഷമെന്ന നിലയില്‍ സന്ദര്‍ശകരുടെ വലിയ ഒഴുക്കിനാണ് 2022ല്‍ ദുബായ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെ ദുബായില്‍ ഏകദേശം 23.7 ദശലക്ഷം സഞ്ചാരികളുടെ വരവാണ് അധികൃതര്‍ രേഖപ്പെടുത്തിയത്. ഇത് 2021ലെ സന്ദര്‍ശകരെക്കാള്‍ 89 ശതമാനം കൂടുതലാണ്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും ബിസിനസ്സ് ഹബ്ബ് എന്ന രീതിയിലുമുള്ള ദുബായിയുടെ വളര്‍ച്ചയും സന്ദര്‍ശകരുടെ ഒഴുക്കിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ആകെ എത്തിയ 23.7 ദശലക്ഷം സന്ദര്‍ശകരില്‍ 21.8 ദശലക്ഷം പേരും വിമാനത്താവളങ്ങള്‍ വഴിയാണ് ദുബായിലെത്തിയത്. 1.6 ദശലക്ഷം പേര്‍ യുഎഇയ്ക്കും ഒമാനുമിടയിലുള്ള ഹത്ത ബോര്‍ഡര്‍ ക്രോസിംഗ് വഴിയും 242,700 പേര്‍ തുറമുഖങ്ങള്‍ വഴിയുമാണ് എത്തിയതെന്ന് ദുബായ് മീഡിയ ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അത്യാഢംബര ഹോട്ടലുകള്‍ക്കും മികച്ച റെസ്റ്റൊറന്റുകള്‍ക്കും വിനോദ പരിപാടികള്‍ക്കും പേരുകേട്ട നഗരം എന്ന നിലയില്‍ പുതുവത്സര രാവില്‍ മാത്രം 107,082 പേരെ ആകര്‍ഷിക്കാന്‍ ദുബായ്ക്ക് കഴിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂ ഇയര്‍ ആഘോഷത്തിലെത്തിയവരില്‍ 95,445 യാത്രക്കാര്‍ എയര്‍പോര്‍ട്ടുകളിലൂടെയും 6,527 പേര്‍ ഹത്ത അതിര്‍ത്തി വഴിയും 5,010 പേര്‍ തുറമുഖങ്ങള്‍ വഴിയുമാണ് എത്തിയത്.