തൃശ്ശൂര്‍: ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എന്‍ വി വൈശാഖനെ താല്‍ക്കാലികമായി മാറ്റി. സിപിഐഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ വൈശാഖനെ കൊടകര ഏരിയാ കമ്മറ്റിയുടെ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
വൈശാഖനെതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ഡിവൈഎഫ്‌ഐ പ്രചരണ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വൈശാഖനെ മാറ്റിയിരുന്നു. അതിന് ശേഷമാണ് ഇപ്പോഴത്തെ നടപടി.
ജാഥ ആരംഭിക്കുന്നതിന് തൊട്ടുമുന്നേ സംഘടനയിലെ ഒരു ഭാരവാഹി വൈശാഖനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് വൈശാഖനോട് പാര്‍ട്ടി നിര്‍ദേശിച്ചത്. അവധിയില്‍ പ്രവേശിച്ച വൈശാഖന്‍ ഡിവൈഎഫ്‌ഐ ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ എത്തിയിരുന്നു. ഇത് വിവാദമായിരുന്നു.
ജാഥയില്‍ നിന്ന് മാറ്റി നിര്‍ത്തിയതല്ല, അസുഖം കാരണം ചികിത്സയില്‍ പോകുന്നതിനാല്‍ മാറിനിന്നതാണ് എന്നായിരുന്നു വൈശാഖന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം. ചികിത്സക്കാണെന്ന് പറഞ്ഞ് പോയ വ്യക്തി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് പാര്‍ട്ടിക്കും സംഘടനക്കും അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തിയിരുന്നു.