തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കില്ല. ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണെന്നതാണ് ജയരാജൻ നൽകുന്ന വിശദീകരണമെന്നാണ് വിവരം. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇടത് മുന്നണിക്ക് പുറത്തുള്ളവരും മത സാമുദായിക സംഘടനകളുമടക്കം സെമിനാറിന് പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുമ്പോഴാണ് കൺവീനർ തന്നെ മാറി നിന്ന് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.
പാർട്ടി കമ്മിറ്റികളിൽ നിന്നും പരിപാടികളിൽ നിന്നുമുളള ഇപിയുടെ വിട്ടുനിൽക്കൽ തുടരുകയാണ്. എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജൻ പാർട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്. എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് ഇപി വിട്ടുനിന്നത് ചർച്ചയായിരുന്നു. കഴിഞ്ഞ ജൂൺ 30 ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റിയിലും ജയരാജൻ പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയുടെ പേരുപറഞ്ഞാണ് അദ്ദേഹം മാറി നിന്നത്. സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേന്ന് അദ്ദേഹം തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഗവർണർക്കെതിരെ നടന്ന രാജ്ഭവൻ ഉപരോധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നതും വലിയ വിവാദമായിരുന്നു.