റബാത്ത് : മൊറോക്കോയിൽ ഭൂകമ്പത്തിന്റെ തുടർചലനം ഭയന്ന് തലസ്ഥാനമായ റബാത്ത് അടക്കം പല നഗരങ്ങളിലും ജനങ്ങൾ വീടുകൾക്കു പുറത്താണ് കഴിയുന്നത്.
മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തിൽ നിന്ന് 72 കിലോമീറ്റർ മാറി ഹൈ അറ്റ്ലസ് പർവത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ ഗ്രാമങ്ങളെല്ലാം തകർന്നടിഞ്ഞു. അസ്നി എന്ന ഗ്രാമം പൂർണമായും ഇല്ലാതായി. റോഡുകൾ തകർന്നതിനാൽ മേഖലയാകെ ഒറ്റപ്പെട്ടിരിക്കുകയാണ്.
ഭൂകമ്പം 3 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചതെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്ത്യക്കാർ ആരെങ്കിലും ദുരന്തത്തിൽ ഉൾപ്പെട്ടതായി വിവരം കിട്ടിയിട്ടില്ലെന്നു റബാത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
വിവിധ രാജ്യങ്ങൾ മൊറോക്കോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. മൊറോക്കോയുമായി ശത്രുതയിലാണെങ്കിലും സമീപരാജ്യമായ അൽജീരിയ രക്ഷാപ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ തുറന്നുകൊടുത്തു. സ്പെയിനിനും ഫ്രാൻസും സഹായങ്ങൾ എത്തിച്ചുതുടങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണെന്ന് ജി20 ഉച്ചകോടിയിൽ സംബന്ധിക്കുന്ന മോദി പറഞ്ഞു. മൊറോക്കോയ്ക്കു വേണ്ടി പ്രാർഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.