അങ്കാറ : തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പം ദുരിതത്തിലാക്കിയത് 2.6 കോടി ജനങ്ങളെ. 8.7 ലക്ഷം പേർ പട്ടിണിയിലായി. തുർക്കിയിൽ 80,000 പേർ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേർ അഭയകേന്ദ്രങ്ങളിലുമാണ്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം സിറിയയിൽ മാത്രം 53 ലക്ഷം പേർക്കു വീട് നഷ്ടമായി. ആകെ മരണസംഖ്യ 55,000 കവിയുമെന്നു യുഎൻ ദുരിതാശ്വാസ മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 30,000 ആണ്.
ഇരുരാജ്യങ്ങളുടെയും അടിയന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ 428 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 353 കോടി രൂപ) അടിയന്തര സഹായനിധി സമാഹരിക്കാൻ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. അതിശൈത്യം അവഗണിച്ച് അരലക്ഷത്തോളം സന്നദ്ധപ്രവർത്തകർ ഭൂകമ്പമേഖലയിൽ തിരച്ചിൽ തുടരുകയാണ്.
150 മണിക്കൂറുകൾക്കുശേഷവും കുട്ടികൾ ഉൾപ്പെടെ ഏതാനും പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ തുർക്കിയിലെ ഹതായി പ്രവിശ്യയിൽ ചേരിതിരിഞ്ഞുള്ള വെടിവയ്പിനെത്തുടർന്നു തിരച്ചിൽ നിർത്തിവച്ചു.