തിരുവനന്തപുരം: യേശുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷത്തിലേക്ക് കടക്കുന്നു. ഉയിർപ്പുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. തിരുവനന്തപുരം പട്ടം സെന്‍റ്. മേരീസ് കത്തീഡ്രലിൽ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വൈകിട്ട് 7 മണിയോടെ പള്ളികളിൽ ചടങ്ങുകൾ ആരംഭിക്കും. പാളയം സെന്‍റ് ജോസഫ്സ് കത്തിഡ്രലിൽ 10.30ന് തുടങ്ങുന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യ കാർമികനാകും. ക്രൈസ്തവ വിശ്വാസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളാണ് ഉയിർപ്പ് തിരുനാളിൽ നടക്കുന്നത്.
സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന പ്രാർഥനകൾക്കും ശുശ്രൂഷകൾക്കും വികാരി കറുകേൽ കോർഎപ്പിസ്കോപ നേതൃത്വം നൽകും. പുലർച്ചെ മൂന്നു മണിക്കാണ് പള്ളിയിൽ പ്രാർഥനകൾ തുടങ്ങുക. മെഴുകുതിരികൾ കത്തിച്ചുപിടിച്ചുള്ള പ്രദിക്ഷണവും പള്ളികളിൽ നടക്കും.