കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. പത്മ വധക്കേസില്‍ 1600 പേജുകളുള്ള കുറ്റപത്രത്തില്‍ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ് ഭാര്യ ലൈല എന്നിവരാണ് പ്രതികള്‍. നരഭോജനം നടത്തിയ പ്രതികള്‍ കൂടുതല്‍ പേരെ നരബലിക്ക് ഇരയാക്കാന്‍ പദ്ധതിയിട്ടുവെന്ന നിര്‍ണായക വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്ത് 89ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചിച്ചു. തമിഴ്നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റത്തിന് പുറമെ ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകളാണ് മൂന്ന് പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്. കേസില്‍ ആകെയുള്ളത് 166 സാക്ഷികള്‍. 307 രേഖകളും, കൊലക്കത്തിയും മൊബൈല്‍ ഫോണുകളടക്കം 143 തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ആ പോരായ്മ മറികടക്കാവുന്ന ഫൊറന്‍സിക്, സൈബര്‍ തെളിവുകള്‍ക്ക് പുറമെ സാഹചര്യ തെളിവുകളും സമാഹരിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ മുഹമ്മദ് ഷാഫിയും ഭഗവല്‍സിങും ഭക്ഷിച്ചതും കുറ്റപത്രത്തില്‍ വിശദമാക്കുന്നു. നരബലിക്കായി പ്രതികള്‍ സമീപിച്ചവരുടെ നിര്‍ണായക മൊഴികളും കുറ്റപത്രത്തിലുണ്ട്. കൊച്ചിയില്‍ ലോട്ടറി വില്‍പന നടത്തിയ തമിഴ്നാട് സ്വദേശി പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നാടിനെ ഞെട്ടിച്ച നരബലി പുറത്തുകൊണ്ടുവന്നത്. കൊച്ചി ഡിസിപി എസ്. ശശിധരന്‍റെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ എസിപി സി. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കാലടി സ്വദേശി റോസ്ലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം ഈ മാസം അവസാനത്തോടെ കോടതിയില്‍ സമര്‍പ്പിക്കും.