തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണ വിഷയങ്ങൾ. അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റുകയാണ് രാഷ്ട്രീയപ്പാർട്ടികൾ.
തെരഞ്ഞെടുപ്പ് രാഷ്ട്രീയപാർട്ടികൾക്ക് യുദ്ധമാണ്. ജയിക്കാൻ സകല അടവുകളും പുറത്തെടുക്കുന്ന സമയം. കേരളത്തിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കുമെങ്കിലും രാഷ്ട്രീ പാർട്ടികളുടെ അടവുകൾ നാളെക്കൊണ്ടും തീരില്ല. 26ന് രാവിലെ ആറ് മണിക്ക് കേരളം പോളിങ് ബൂത്തിൽ എത്തുന്നത് വരെ അടവും തടവും നടക്കും. അവസാന നിമിഷത്തെ അടിയൊഴുക്കുകൾ അനുകൂലമാക്കി മാറ്റാൻ വേണ്ടിയുള്ള ഓട്ടമാണിനി. രാഷ്ട്രീയനേതാക്കൾ വിഷയങ്ങൾ കൊണ്ടും, വാചകങ്ങൾ കൊണ്ടും വോട്ടിനെ സ്വാധീനിക്കുന്ന സമയങ്ങൾ. സോഷ്യൽ എഞ്ചിനീയറിങ് എന്ന് പേരിട്ട് വിളിക്കുന്ന തെരഞ്ഞെടുപ്പ് അജണ്ട സെറ്റാക്കുന്ന മണിക്കൂറുകൾ.