ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്. 10 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 95 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിൽ ബൂത്തിൽ എത്തുക. 1351 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 10 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 95 സീറ്റുകളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.
മൂന്നാം ഘട്ടത്തിൽ ഏറ്റവുമധികം ലോക്സഭാ സീറ്റിൽ വോട്ടെടുപ്പ് നടക്കുന്നത് ഗുജറാത്തിലാണ്. 26 സീറ്റുകളിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിൽ 11ഉം ഉത്തർപ്രദേശിൽ 10ഉം സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും. മെയ് ഏഴിനാണ് വോട്ടെടുപ്പ്. സൂറത്തിൽ എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനെ തുടർന്ന് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം, ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോവുകയാണ് ഇൻഡ്യ സഖ്യവും ബിജെപിയും. രാഹുൽ ഗാന്ധി ഇന്ന് ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിലും പ്രചാരണം നടത്തും. ആദ്യ രണ്ടുഘട്ടത്തിലും പോളിങ് ശതമാനത്തിൽ കുറവ് വന്നത് ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പോളിങ് ശതമാനം കുറയുന്നത് ബിജെപിക്ക് തിരിച്ചടിയാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ പോലെ ശക്തമായ മോദി തരംഗം ഇല്ലെന്നും നിരീക്ഷകർ വിലയിരുത്തുന്നു.