Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിജെപി വേരിളകിയ വന്‍മരം : പടര്‍ന്നു പന്തലിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ബിജെപി വേരിളകിയ വന്‍മരം : പടര്‍ന്നു പന്തലിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച അങ്കലാപ്പില്‍ നിന്നും ബിജെപി ഇപ്പോഴും മോചിതരായിട്ടുണ്ടാകില്ല. അത്രമേല്‍ പ്രതീക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് മാമാങ്കത്തിലാണ് അപ്രതീക്ഷിത വിധിയില്‍ ബിജെപിയുടെ വേരിറ്റു തുടങ്ങിയത്. ഇന്ത്യയുടെ ഹൃദയഭൂമിയിലും പിന്നിട്ട വഴികളിലും അടപടലം പിഴവുകള്‍. കണക്കുകൂട്ടലുകള്‍ എല്ലാം വിഫലമായി. ദേശീയതലത്തില്‍ 400 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ഗര്‍വിന് ഇന്ത്യന്‍ ജനത നല്‍കിയ തിരിച്ചടിയോ ഈ വിധി? എന്നാല്‍ കോണ്‍ഗ്രസിന്റെ ഊര്‍ജസ്വലതയോടെയുള്ള മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവന്‍ കണ്ടത്.  ഇന്ത്യയുടെ ആത്മാവ്‌തൊട്ട്് രാഹുല്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനം എന്നവണ്ണം ജനം കോണ്‍ഗ്രസിനൊപ്പം കരംചേര്‍ത്തുനിന്നു. ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം എഴുതുമെന്നതില്‍ തര്‍ക്കമില്ല.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തടക്കം ഇന്നലെ പ്രതീക്ഷിച്ച ആഘോഷങ്ങളും ആരവങ്ങളും മുഴങ്ങിയില്ല. അപ്രതീക്ഷിതവിധിയില്‍ മോദി വിറങ്ങലിച്ചുവെന്നതില്‍ തര്‍ക്കവുമില്ല. വാരണാസിയിലെ മന്ദഗതിയിലുള്ള തന്റെ തിരഞ്ഞെടുപ്പ് ഫലം തന്നെ ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും അദ്ദേഹം ഇപ്പോഴും മോചിതനായിട്ടുണ്ടാകില്ല. രാമക്ഷേത്ര നിര്‍മാണമടക്കമുള്ള പ്രവര്‍ത്തികള്‍ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകള്‍ക്കെതിരെ ജനം വിധി എഴുതി എന്നുവേണം വിലയിരുത്താവന്‍. തുടര്‍ച്ചയായ വര്‍ഗീയ പ്രസംഗങ്ങള്‍, ഗാന്ധിനിന്ദ എന്നിങ്ങനെ മോദിയുടെ ഇടപെടലുകളെല്ലാം തന്നെ തിരിച്ചടിയായി. ഇനി അധികാരത്തിലേറിയാലും മോദിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തനിക്കെതിരായ ഒരു വികാരം ഇന്ത്യയിലുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തെ അസ്വസ്ഥനാക്കികൊണ്ടിരിക്കും. മാത്രമല്ല ഭരണത്തെ താങ്ങി നിര്‍ത്തുന്നതില്‍ ഘടകകക്ഷികള്‍ മുന്നോട്ടുവയ്ക്കുന്ന ഏത് നിര്‍ദേശവും പാലിക്കാന്‍ മോദി ബാധ്യസ്ഥനും ആകും. ശക്തമായ പ്രതിഫലം തനിക്കെതിരെ അണിനിരന്നുവെന്ന ഭയം ചിലപ്പോള്‍ ഉറക്കംപോലും നഷ്ടപ്പെടുത്തിയേക്കാം.

ഇന്ത്യ മുഴുവന്‍ ഒരു രാഹുല്‍ തരംഗം ഉണ്ടായിയെന്നു വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്. റായ്ബറേലിയയിലും വയനാട്ടിലും വന്‍ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയം നേടിയപ്പോള്‍ മോദിയുടെ വിജയംതന്നെ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയിലെത്തിയിരുന്നു. ഇന്ത്യാ മുന്നണി ഇനി അധികാരത്തിലേറിയില്ല എങ്കിലും അപ്രതീക്ഷിതമായ മുന്നേറ്റം രാജ്യത്തുണ്ടാക്കിയ ഓളം ചെറുതല്ല. ഒപ്പം പ്രതിപക്ഷനിരയില്‍ രാഹുലും കൂട്ടരും അണിനിരന്നാലും മോദിയ്ക്ക് വലിയ പ്രതിസന്ധികള്‍ തീര്‍ക്കും. ഉത്തര്‍പ്രദേശിലടക്കം കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം മോദിവിരുദ്ധ വികാരത്തിന്റെ പ്രതിഫലനംതന്നെയാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കി ആഘോഷമാക്കി മാറ്റിയ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും എന്തിനായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയില്‍ മോദി തന്നെ അധികാരത്തിലേറുമെന്നും അധികാരത്തിലേറിയാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ആര്‍ക്കും ഉറപ്പു പറയാന്‍ സാധിക്കില്ല. എന്തായാലും മതേതര, ജനാധിപത്യ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനാവുമെന്ന ശുഭപ്രതീക്ഷ നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments