ദുബായ് : ചരക്കു നീക്കത്തിന് പുതിയതായി 5 വിമാനങ്ങൾ കൂടി വാങ്ങാൻ എമിറേറ്റ്സ് സ്കൈ കാർഗോ തീരുമാനിച്ചു. ബോയിങ് 777 വിഭാഗത്തിൽ പെടുന്ന വിമാനങ്ങൾ 2025,26 വർഷങ്ങളിൽ എമിറേറ്റ്സിന്റെ ഭാഗമാകും.
100 കോടി ഡോളറിന്റേതാണ് ഇടപാട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോൾ സ്കൈ കാർഗോയുടെ പ്രകടനം മുന്നേറുകയാണ്. പുതിയ വിമാനങ്ങൾ എത്തുന്നതോടെ സ്കൈ കാർഗോയുടെ ശേഷി 30% വർധിക്കും.വിദേശ വ്യാപാരം ഇരട്ടിയാക്കാനും ദുബായിയെ രാജ്യാന്തര വ്യാപാര കേന്ദ്രമായി ഉയർത്താനും ലക്ഷ്യമിടുന്ന ദുബായ് ഇക്കണോമിക് അജൻഡയ്ക്കു കരുത്തു പകരാൻ പുതിയ വിമാനങ്ങളിലൂടെ കഴിയുമെന്നും എമിറേറ്റ്സ് എയർ ലൈൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. ലോക വിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറ്റവും മികച്ച കമ്പനിയായി വളരുകയാണ് സ്കൈ കാർഗോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.