കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്സ് . അടുത്ത ഏഴു വർഷത്തിനുള്ളിൽ വിമാന യാത്രക്കാരുടെ ആവശ്യകത മുൻകൂട്ടി കണ്ടുള്ള വികസനവഴിയിലാണ് എമിറേറ്റ്സ്. പുതിയ വിമാനങ്ങൾ എത്തുന്നതോടെ സർവീസുകളുടെ എണ്ണം ഉയർത്താനും പദ്ധതിയുണ്ട്. എയർ ബസ്എ350, ബോയിങ് 777എക്സ്അല്ലെങ്കിൽ 787 ജെറ്റുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.
ഭാവിവികസന പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് ദുബൈ വിമാന സർവിസ് കമ്പനിയായ എമിറേറ്റ്സ് എയർലൈൻ പ്രസിഡന്‍റ് ടിം ക്ലാർക്ക് പറഞ്ഞു. ഇസ്താംബൂളിൽ നടന്ന ആഗോള എയർലൈൻ മീറ്റിങ്ങിനെ തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം എത്രയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 400 സീറ്റുകളുള്ള രണ്ട് എൻജിൻ വിമാനമാണ് ബോയിങ് 777 എക്സ്. പുതിയ വിമാനങ്ങൾക്ക്നേരത്തെ തന്നെ ഓർഡർ നൽകിയിരുന്നെങ്കിലും സർട്ടിഫിക്കേഷനും എൻജിൻ വികസിപ്പിച്ചതിലെ ചില വിഷയങ്ങളും കാരണമാണ് സർവിസ് തുടങ്ങാൻ വൈകിയത്. 2025ലെ ആദ്യ പാദവർഷത്തോടെകരാർ പ്രകാരമുള്ള ആദ്യ വിമാനം ദുബൈയിൽ എത്തും.