ദുബൈ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അധിക സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈയുടെ എമിറേറ്റ്‌സ് എയർലൈൻസ്. ആഴ്ചയിൽ അഞ്ച് വീതം സർവീസുകളാണ് ഉണ്ടാകുക.
2023 ഒക്ടോബർ 31 മുതൽ ആരംഭിക്കുന്ന അധിക സർവീസുകൾ 2024 മാർച്ച് 30 വരെ നീളും. വിന്റർ സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും തിരക്കേറുന്നതും പരിഗണിച്ചാണ് താത്കാലികമായി അധിക സർവീസുകൾ തുടങ്ങുന്നത്. നിലവിൽ എമിറേറ്റ്‌സ് ലണ്ടൻ ഹീത്രൂവിലേക്ക് പ്രതിദിനം ആറ് സർവീസുകൾ നടത്തുന്നുണ്ട്. അധിക സർവീസുകൾ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും ഉണ്ടാകുക.
എമിറേറ്റ്‌സിന്റെ ഇകെ41 വിമാനം ഉച്ചയ്ക്ക് 1.20ന് ദുബൈയിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5.20ന് ലണ്ടൻ ഹീത്രൂവിലെത്തും. അവിടെ നിന്നും തിരികെ ഇകെ 42 വിമാനം രാത്രി 8.15ന് പുറപ്പെട്ട് പ്രാദേശിക സമയം പിറ്റേന്ന് രാവിലെ 7.15ന് ദുബൈയിലെത്തും.
കമ്പിനി വെബ്‌സൈറ്റ്, എമിറേറ്റ്‌സ് സെയിൽസ് ഓഫീസുകൾ, ട്രാവൽ ഏജന്റുകൾ, ഓൺലൈൻ ട്രാവല് ഏജന്റുകൾ എന്നിവ മുഖേന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 126 പ്രതിവാര സർവീസുകളാണ് നിലവിൽ യുകെയിലേക്കുള്ളത്.