ദുബായ് : ഗാസയിൽ സൈനിക സംഘർഷം തുടരുന്ന സാഹചര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ആദ്യം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ 20 വരെ നിർത്തിവച്ചതായി പ്രഖ്യാപിക്കുകയും പിന്നീട് അത് ഒക്ടോബർ 26 വരെ നീട്ടുകയും ചെയ്തു. തുടർന്ന് ഈ മാസം 14 വരെയും പിന്നീട് 30 വരെയും താൽക്കാലികമായി നിർത്തിവച്ചു.
ഇസ്രയേലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നതായി എമിറേറ്റ്സ് അതിന്റെ വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറഞ്ഞു. വിമാന സർവീസ് നിർത്തിവച്ചത് ബാധിച്ച യാത്രക്കാരോട് റീഫണ്ടുകൾ, റദ്ദാക്കലുകൾ അല്ലെങ്കിൽ അവരുടെ യാത്രകൾ റീ ബുക്ക് ചെയ്യൽ തുടങ്ങിയവയ്ക്ക് ബുക്കിങ് ഏജന്റുമാരെ ബന്ധപ്പെടാൻ നിർദേശിച്ചു. എമിറേറ്റ്‌സ് ഇസ്രയേലിലെ ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക്(ടിഎൽവി) ദിവസേന മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്.