ദുബൈ: എമിറേറ്റ്‌സ് വിമാനങ്ങൾക്ക് ഇനി പുതിയ ലുക്ക്. പരിഷ്‌കരിച്ച ഡിസൈനിലെ ആദ്യ വിമാനങ്ങൾ എമിറേറ്റ്‌സ് പുറത്തിറക്കി. വാൽഭാഗത്തും ചിറകിലുമാണ് മാറ്റം വരുത്തിയിരിക്കുന്നത്. എമിറേറ്റ്‌സ് വിമാനങ്ങളുടെ വാൽഭാഗത്തെ യുഎഇ ദേശീയ പതാകയുടെ വർണങ്ങൾ പാറിപറക്കുന്ന പതാകയുടെ രൂപത്തിലേക്ക് മാറ്റി. ചിറകിന്റെ അറ്റത്ത് അറബി കാലിഗ്രാഫിയിലുള്ള എമിറേറ്റ്സ് ലോഗോ ചുവപ്പ് നിറത്തിൽ പതിച്ചു. ചിറകടിയിൽ യു.എ.ഇ പതാകയുടെ നിറങ്ങൾ ചേർത്തു. എമിറേറ്റ്‌സ് എന്ന് അറബിയിലും ഇംഗ്ലീഷിലും എഴുതിയത് കൂടുതൽ ബോൾഡാക്കി. വെബ്‌സൈറ്റ് അഡ്രസ് ഡിസൈനിൽ നിന്ന് ഒഴിവാക്കി എന്നിവയാണ് പുതിയ മാറ്റങ്ങൾ.
1985 ൽ തുടങ്ങിയ എമിറേറ്റ്‌സ് ഇത് മൂന്നാം തവണയാണ് വിമാനങ്ങളുടെ മൊത്തം ഡിസൈനിൽ മാറ്റം വരുത്തുന്നത്. ഇതിനിടെ ദുബൈ എക്‌സ്‌പോ ഉൾപ്പെടെ സുപ്രധാന പരിപാടികളെ അടയാളപ്പെടുത്തുന്ന ഡിസൈനുകൾ ചില വിമാനങ്ങളിൽ താൽകാലികമായി ഉൾപ്പെടുത്തിയിരുന്നു. ഡിസൈനിലെ പ്രധാന ഘടകങ്ങൾ നഷ്ടപ്പെടാതെ തന്നെ കൂടുതൽ മികച്ചതാക്കാനാണ് ശ്രമിച്ചതെന്ന് കമ്പനി പ്രസിഡൻറ് ടിം ക്ലർക്ക് പറഞ്ഞു.