ഇത്തിഹാദ് എയർവേയ്സ് എയർലൈൻ ഇൗ വർഷാവസാനത്തോടെ 1,000 ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യും. ഇന്ത്യയിലെ ഒാപൺഡേയ്ക്ക് ജയ്‌പൂർ വേദിയാകും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഈ വർഷം ഇതിനകം 1000-ലേറെ ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓപൺ ഡേയിൽ പങ്കെടുക്കാം. അല്ലെങ്കിൽ careers.etihad.com ൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളിൽക്കൂടാതെ, ഇന്ത്യയിൽ ജയ്പൂരിലും ഏഥൻസ്, മലാഗ, മാഞ്ചസ്റ്റർ, കോപ്പൻഹേഗൻ, വിയന്ന, സിംഗപ്പൂർ, നൈസ്, ഡബ്ലിൻ, ആംസ്റ്റർഡാം, ബ്രസൽസ്, ഡസൽഡോർഫ്, മിലാൻ, ജോഹന്നാസ്ബർഗ്, കേപ്ടൗൺ, കൊളംബോ, എന്നിവിടങ്ങളിലും ജൂൺ മുതൽ വർഷാവസാനം വരെ ഓപൺ ഡേകൾ നടക്കും.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ വ്യക്തിപരമായോ അല്ലാതെയോ ഉള്ള അഭിമുഖത്തിന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എയർലൈനിന്റെ ആസ്ഥാനത്തോട് ചേർന്നുള്ള ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിങ്ങിന്റെ സായിദ് ക്യാംപസില്‍ പരിശീലനം നൽകുമെന്നതിനാൽ പ്രവൃത്തിപരിചയം ആവശ്യമില്ലെന്നും വ്യക്തമാക്കി. ഈ മാസം ആദ്യം വേൾഡ് ട്രാവൽ അവാർഡ്‌സ് മിഡിൽ ഈസ്റ്റ് എഡിഷൻ ഇത്തിഹാദിന്റെ ടീമിനെ ‘ലീഡിങ് ക്യാബിൻ ക്രൂ 2024’ എന്ന് നാമകരണം ചെയ്‌തിരുന്നു. ഇത്തിഹാദിനെ ‘ബെസ്റ്റ് ക്യാബിൻ ക്രൂ 2024’ ആയി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇത്തിഹാദിന്റെ ക്യാബിൻ ക്രൂവിൽ ഇന്ത്യയടക്കം 112 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.