ദുബൈ: വിമാനയാത്രക്കിടയിലും ഇന്റർനെറ്റ് ഉപയോഗിക്കാൻ ‘വൈഫ്ലൈ’ സംവിധാനം പ്രഖ്യാപിച്ച് അബൂദബിയുടെ ഇത്തിഹാദ് എയർവേസ്. ഇത്തിഹാദ് ഗസ്റ്റ് മെമ്പർഷിപ്പുള്ള യാത്രക്കാർക്ക് ഇതിലൂടെ ചാറ്റിങ് സൗജന്യമായിരിക്കും. മറ്റ് ഇന്റർനെറ്റ് ഉപയോഗങ്ങൾക്ക് സർഫിങ് പാക്കേജുകളും വിമാനകമ്പനി പ്രഖ്യാപിച്ചു.
ഇത്തിഹാദ് എയർവേസിൽ യാത്ര ചെയ്യുന്ന ഗസ്റ്റ് മെമ്പർമാർക്ക് വാട്ട്സ്ആപ്പ്, മെസഞ്ചർ, വീചാറ്റ് തുടങ്ങിയ ചാറ്റിങ് ആപ്പുകൾ സൗജന്യമായി ഉപയോഗിക്കാം. വൈ ഫ്ലൈ സംവിധാനം ഉപയോഗിച്ച് സോഷ്യൽമീഡിയ ഉപയോഗിക്കാനും, ഇന്റർനെറ്റിൽ സർഫ് ചെയ്യാനും ജോലി ചെയ്യാനും സാധിക്കും. ഇതിന് പ്രത്യേക പാക്കേജുകൾ പണം നൽകി വാങ്ങേണ്ടി വരും.
ഏഴ് മണിക്കൂറിൽ താഴെയുള്ള യാത്രക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കാൻ. 9.99 യു എസ് ഡോളർ നൽകണം. ഏഴ് മണിക്കൂറിന് മുകളിലുള്ള യാത്രക്ക് 19.99 ഡോളറാണ് സർഫിങ് ചാർജ്. ഇത്തിഹാദ് ഗസ്റ്റ് മെമ്പർ അല്ലാത്ത യാത്രക്കാർക്ക് ചാറ്റിങ് പാക്കേജും പണം നൽകി വാങ്ങാം. ഏഴ് മണിക്കൂറിന് താഴെയുള്ള യാത്രക്ക് 2.99 ഡോളർ നൽകിയാൽ ചാറ്റിങ് സേവനം മാത്രമായി ലഭിക്കും. ഏഴ് മണിക്കൂറിന് മുകളിലുള്ള യാത്രക്ക് ചാറ്റിങ് സൗകര്യം മാത്രം ലഭിക്കാൻ 4.99 ഡോളർ നൽകണം.