ഷെങ്കന്‍ വിസ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിന് അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. അപേക്ഷ മുതല്‍ വിസ വരെ ഡിജിറ്റലാക്കാനാണ് തീരുമാനം. ഇതോടെ വിസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതല്‍ ലളിതവും വേഗത്തിലുമാവും. പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന രീതിയും വിസ ഡിജിറ്റലാവുന്നതോടെ ഇല്ലാതാവും.
ഇത് പ്രകാരം പുതുതായി വരുന്ന പ്ലാറ്റ്ഫോം വഴി ഷെങ്കന്‍ വിസയ്ക്കുള്ള എല്ലാ അപേക്ഷകളും നല്‍കാനാവും. നടപടികളെല്ലാം ഒരൊറ്റ വെബ്സൈറ്റ് വഴിയാക്കും. പ്രത്യേക രജിസ്ട്രേഷനുകള്‍ ആവശ്യമായ രാജ്യങ്ങളുടെ വിസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ടാകും. സഞ്ചാരികള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഫീസുകള്‍ അടക്കാനും സാധിക്കും. വിസ അപേക്ഷയുടെ തുടര്‍നടപടികളും വെബ്സൈറ്റിലൂടെ തന്നെ അറിയാം.
വിസയ്ക്കായി വിസ ഓഫീസുകളിലും കോണ്‍സുലേറ്റുകളിലും പോകുന്നതും കുറയ്ക്കാനാകും. ഡിജിറ്റലാവുന്നതോടെ ഷെങ്കന്‍ വിസയിലെ യാത്രികരുടെ സുരക്ഷയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിസ തട്ടിപ്പും അനധികൃത യാത്രകളും വിസ മോഷണവും പൂര്‍ണമായി തടയാനാകും. വിസയ്ക്കുള്ള ഫീസും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. പക്ഷെ, ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും ബയോമെട്രിക്ക് വിവരങ്ങള്‍ മാറിയവരും പഴയ രീതിയില്‍ തന്നെ അപേക്ഷിക്കേണ്ടി വരും.