പരസ്യങ്ങളില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമായി മെറ്റ. യുറോപ്യൻ യൂണിയന്റെ കർശന നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ പരസ്യരഹിത സേവനം മെറ്റ ആരംഭിച്ചത്. ഇതുവഴി ഉപയോക്താക്കൾക്ക് പരസ്യങ്ങൾ വേണ്ടെന്നുവെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങൾ ടാർഗറ്റഡ് പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനും സാധിക്കും. നിലവിൽ പെയ്ഡ് വേർഷനിലേക്ക് സൈൻ അപ്പ് ചെയ്യാൻ നിർദ്ദേശിച്ചുള്ള നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലെയോ ഒരു അക്കൗണ്ട് പരസ്യരഹിതമാക്കുന്നതിന് പ്രതിമാസം 12 യൂറോ (1071 രുപ) ആണ് നൽകേണ്ടത്. വെബ് വേർഷനിൽ ഒരു അക്കൗണ്ടിന് ഒമ്പത് യുറോ (803 രുപ) ആണ് നിരക്ക്. ഇതുകൂടാതെ മറ്റൊരു അക്കൗണ്ടു കൂടി പരസ്യരഹിതമാക്കാൻ ആപ്പിൽ എട്ട് യുറോയും വെബ്ബിൽ ആറ് യുറോയും അധികമായി നൽകിയാൽ മതി. അതേസമയം 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഈ സേവനം മെറ്റ ലഭ്യമാക്കുന്നത്.
യൂറോപ്പിലെ നിയമങ്ങൾ മാറുന്നതുകൊണ്ടാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. താൽപര്യമുള്ളവർക്ക് പെയ്ഡ് വേർഷൻ സബ്‌സ്‌ക്രൈബ് ചെയ്യാമെന്നും അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാം. സൗജന്യ സേവനം ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കാണേണ്ടിവരുമെന്നും ഡാറ്റ പരസ്യവിതരണത്തിനായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്നും മെറ്റ വ്യക്തമാക്കി. എന്നാൽ ഇന്ത്യയിൽ ഈ സേവനം അവതരിപ്പിക്കാൻ മെറ്റ പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.