ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ ബിസിനസ്സുകാരനായ എലോൺ മസ്ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു. ഈ പാത പിന്തുടരുകയാണ് നിലവിൽ മെറ്റ. ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലാണ്ടിലും മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം കൊണ്ടുവരുമെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് അറിയിച്ചു.
ഒരു സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് മെറ്റയുടെ വെരിഫിക്കേഷന് അപേക്ഷിക്കാൻ സാധിക്കും. ഈ സംവിധാനത്തിന്റെ സഹായത്തോടെ വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇല്ലാതാക്കാം എന്ന് സക്കർബർഗ് വ്യക്തമാക്കി. കൂടാതെ, ഫേസ്ബുക്കിന്റെ സേവനങ്ങളിൽ കൂടുതൽ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ ഈ ഫീച്ചർ സഹായിക്കും. ഈ സംവിധാനത്തിന് വെബിൽ പ്രതിമാസം $11.99 (992.36 ഇന്ത്യൻ രൂപ) യും ഐഒഎസിൽ $14.99 (1,240.65 ഇന്ത്യൻ രൂപ)യും ആയിരിക്കുമെന്ന് പോസ്റ്റിൽ മെറ്റ സിഇഒ വ്യക്തമാക്കി.