കൊച്ചി: സിനിമ മേഖലയിലെ തൊഴിലാളികൾ ഇന്ന് കൊച്ചിയിൽ ഒത്തുകൂടും. ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നത്. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചു.
സംഗമത്തിൽ ഫെഫ്ക അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ഫെഫ്കയിലെ 21 യൂണിയനുകളിൽ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവർത്തകരാണ് പങ്കെടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി. മോഹൻലാൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ജനാർദനൻ, സിദ്ദിഖ്, ഉർവശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചടങ്ങിലെത്തും.
ഇന്ത്യൻ സിനിമ മേഖലയിൽ ഇതാദ്യമായാണ് ചലച്ചിത്ര മേഖലയിലെ ഒരു തൊഴിലാളി സംഘടന ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തമായി രൂപീകരിച്ച വെൽഫെയർ ഫണ്ട് ഉപയോഗിച്ച് അംഗങ്ങളുടെ ചികിത്സാ ചെലവ് വഹിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഒരംഗത്തിന് പ്രതിവർഷം മുന്ന് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവാണ് വഹിക്കുക. ഇതിൽ ഭൂരിപക്ഷം അംഗങ്ങളുടെ വിഹിതം അതത് അംഗ സംഘടനയാണ് വഹിച്ചത്. എപ്രിൽ ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരിക. ഇതോടൊപ്പം കുടുംബങ്ങൾ അടുത്തില്ലാത്ത ഘട്ടത്തിൽ ആശുപത്രി ചികിത്സ വേണ്ടിവരുന്ന അംഗങ്ങളെ സഹായിക്കാൻ ബൈസ്റ്റാൻഡറെ ഫെഫ്ക നിയോഗിക്കും.