ലോസ് ആഞ്ചൽസ്: 2026ലെ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പ് ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. യു.എസ്, മെക്‌സിക്കോ, കാനഡ എന്നീ നോർത്ത് അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്‍റിന് ആതിഥ്യംവഹിക്കുന്നത്.
ലോസ് ആഞ്ചൽസിലെ ഗ്രിഫിത്ത് ഒബ്‌സർവേറ്ററിയിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ അനാച്ഛാദനം. ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ അടക്കമുള്ള പ്രമുഖർ അതിഥികളായി പങ്കെടുത്ത ചടങ്ങിന് ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാന്റിനോയാണ് നേതൃത്വം നൽകിയത്.
ഇതാദ്യമായി ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേർത്താണ് ലോഗോ തയാറാക്കിയത്. ഇതോടൊപ്പം ടൂർണമെന്റ് നടക്കുന്ന വർഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തിൽ 26ഉം അതിനു മുകളിൽ ലോകകപ്പ് കിരീടവുമാണ് പ്രതിഷ്ഠിച്ചാണ് ലോഗോ തയാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചാത്തലമായി നൽകിയിരിക്കുന്നത്.
പതിവുരീതിയിൽനിന്നു മാറിയ ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയിൽ ചേർത്തിട്ടില്ല. ‘വീ ആർ 26′(നമ്മൾ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം. ലോകത്തെ സ്വാഗതം ചെയ്യാൻ നമ്മൾ ഒറ്റക്കെട്ടാണെന്ന് ജിയാന്നി പറഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും വിശാലവുമായ ടൂർണമെന്റാണ് വരാൻ പോകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ആതിഥ്യമരുളുന്ന രാജ്യത്തിനും ഫിഫ ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടേതായ അധ്യായം കുറിക്കാനുള്ള അവസരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026ൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയരുമെന്ന പ്രത്യേകതയുണ്ട്. 16 നഗരങ്ങളിലായിരിക്കും കളി നടക്കുക. ഇതിൽ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.