പനജി: അൻപത്തിനാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ചൊവ്വാഴ്ച തിരശ്ശീല വീഴും. 15 സിനിമകളാണ് അന്താരാഷ്ട്ര മത്സരത്തിൽ സുവർണമയൂരത്തിന് മാറ്റുരയ്ക്കുന്നത്. റിഷഭ് ഷെട്ടി സംവിധാനംചെയ്ത ‘കാന്താര’, സുധാൻശു സരിയയുടെ ‘സനാ’, മൃഗുൽ ഗുപ്തയുടെ ‘മിർബീൻ’ തുടങ്ങിയ മൂന്ന് ഇന്ത്യൻ സിനിമകൾ ഈ വിഭാഗത്തിൽ ഇടംനേടിയിട്ടുണ്ട്. സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ.
ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലുമുതൽ സമാപനച്ചടങ്ങുകൾക്ക് തുടക്കമാകും. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, സഹമന്ത്രി എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ പങ്കെടുക്കും. നടൻ ആയുഷ്മാൻ ഖുറാന, ഗായകനും സംവിധായകനുമായ അമിത് ത്രിവേദി എന്നിവരുടെ കലാപ്രകടനങ്ങളും അരങ്ങേറും. ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരവും വേദിയിൽ പ്രഖ്യാപിക്കും.
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായിക/ സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്കാരമുണ്ട്. മികച്ച നവാഗതർക്കുള്ള പുരസ്കാരത്തിന് മലയാളത്തിൽ (ഇരട്ട) എന്ന ചിത്രത്തിന്റെ സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ മത്സരിക്കുന്നുണ്ട്.
ഐ.സി.എഫ്.ടി. യുനെസ്കോ ഗാന്ധി പുരസ്കാരത്തിനായി മലയാളത്തിൽനിന്ന് വിഷ്ണു ശശി ശങ്കർ സംവിധാനംചെയ്ത മാളികപ്പുറം മത്സരിക്കുന്നുണ്ട്. രജതമയൂരവും 10 ലക്ഷം രൂപയുമാണ് ഈ വിഭാഗങ്ങളിൽ പുരസ്കാരമായി നൽകുന്നത്. ഒ.ടി.ടി.യിലെ മികച്ചപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവുംമികച്ച വെബ് സീരീസിനും ഇത്തവണ പുരസ്കാരമുണ്ട്. അമേരിക്കൻ ചിത്രം ‘ദ ഫെതർ വെയ്റ്റാണ്’ മേളയുടെ സമാപനചിത്രം.