അബുദാബി : ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുംതോറും ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയരുമെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.
യുഎഇയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ഒരാൾക്കു പോയി വരാൻ 55,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഏറ്റവും കുറഞ്ഞത് 2.25 ലക്ഷത്തിലേറെ രൂപ നൽകണം. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവയിൽ നിരക്ക് 3.8 ലക്ഷം മുതൽ 4.7 ലക്ഷം വരെയും.