അബുദാബി: കോവിഡ് കാലത്തു വിമാന യാത്ര മുടങ്ങിയതിന്റെ പണം പ്രവാസികൾക്കു മടക്കി നൽകാനുള്ളവരിൽ പൂട്ടിപ്പോയ ട്രാവൽ സൈറ്റുകളും ട്രാവൽ ഏജൻസികളും ഉൾപ്പെടുന്നു. 3 ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളോടു പണം മടക്കി നൽകാൻ ഡൽഹിയിലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശം നൽകിയെങ്കിലും അതിലേറെ ട്രാവൽ സൈറ്റുകൾ പ്രവാസികൾക്കു പണം മടക്കി നൽകാനുണ്ട്.
സാങ്കേതികത്വം പറഞ്ഞാണ് ഏജൻസികളും സൈറ്റുകളും കൈമലർത്തുന്നത്. ചിലർ യാത്രക്കാരുടെ ബുക്കിങ് രേഖകൾ അടക്കം സൈറ്റിൽ നിന്നു നീക്കം ചെയ്തു. ചിലർ സ്ഥാപനം പൂട്ടിപ്പോയെന്ന കാരണം പറഞ്ഞു പണം നിഷേധിക്കുന്നു. അതേസമയം, ബുക്ക് ചെയ്ത എല്ലാ ടിക്കറ്റിന്റെയും പണം മടക്കി നൽകിയെന്നാണു വിമാന കമ്പനികൾ പറയുന്നത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ചു കഴിയുകയാണ് പ്രവാസി ഇന്ത്യാക്കാർ.
കോവിഡ് കാലത്തു ചെറുകിട ട്രാവൽ ഏജൻസികളും ബുക്കിങ് സൈറ്റുകളും പൂട്ടിപ്പോയിരുന്നു. ഇവരുടെ അക്കൗണ്ടുകളിലേക്കു പണം മടക്കി നൽകിയതിന്റെ രേഖകൾ വിമാനക്കമ്പനികളുടെ കൈവശമുണ്ട്. എന്നാൽ, പൂട്ടിപ്പോയ കമ്പനികളിൽ നിന്നു പണം എങ്ങനെ ഈടാക്കും എന്നാണ് പ്രവാസികൾ ചോദിക്കുന്നത്. ഈ കമ്പനികൾക്കെതിരെ ഇന്ത്യയിൽ പരാതി നൽകാനും ഇവർ ആലോചിക്കുന്നു. യാത്ര, ഈസ് മൈ ട്രിപ്, ഹാപ്പി ഈസിഗോ എന്നി സൈറ്റുകളോടാണ് പണം തിരികെ നൽകാൻ ഉപഭോക്തൃ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.