റിയാദ്: റമദാനില്‍ സൗദി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് റെക്കോര്‍ഡ് യാത്രക്കാര്‍. ഒരു കോടി പതിനഞ്ച് ലക്ഷം പേര്‍ റമദാനില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തതായി ഗാക്ക വെളിപ്പെടുത്തി. ജിദ്ദ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക)ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. റമദാനിലും ശവ്വാലിന്‍റെ ആദ്യ ദിനങ്ങളിലുമായി രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി ഒരു കോടി പതിനഞ്ച് ലക്ഷം പേര്‍ യാത്ര ചെയ്തതായി ഗാക്കയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. 55 കമ്പനികളുടെ 80000 വിമാന സര്‍വീസുകളാണ് ഇക്കാലയളവില്‍ പൂര്‍ത്തിയാക്കിയത്.
ജിദ്ദ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. 44 ലക്ഷം പേര്‍. റിയാദില്‍ നിന്നും 30 ലക്ഷം പേരും മദീന, ദമ്മാം വിമാനത്താവളങ്ങള്‍ വഴി പത്ത് ലക്ഷം പേര്‍ വീതവും യാത്രയായി. രാജ്യത്ത് വ്യോമയാന ഗതാഗത രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ വിമാനത്താവളങ്ങളും എയര്‍ലൈന്‍ കമ്പനികളും ആരംഭിക്കാനിരിക്കെയാണ് ഈ നേട്ടം.